തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഒടുവില്‍ എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. ആരോപണം ഉയര്‍ന്ന് 20 ദിവസത്തിനു ശേഷമാണ് അന്വേഷണത്തിനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇക്കാര്യം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്നതു വിവാദമായിരുന്നു. ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നു പൊലീസ് വിവരാവകാശ പ്രകാരം മറുപടി നല്‍കിയതും സര്‍ക്കാരിനു തലവേദനയായിരുന്നു. മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹെസബാളെ, ആര്‍എസ്എസ് നേതാവ് റാം മാധവ് എന്നിവരെ ദിവസങ്ങളുടെ ഇടവേളകളില്‍ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണു പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മധ്യസ്ഥനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും എഡിജിപിയെ ഉടന്‍ തന്നെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം കഴിയുന്നതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന ഉറച്ച തീരുമാനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
തൃശൂര്‍ പൂരം കലങ്ങിയ വിഷയത്തില്‍ എഡിജിപിക്കു വീഴ്ച പറ്റിയെന്ന് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് തന്നെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് ഉത്തരവ് നല്‍കാന്‍ വൈകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
ആര്‍എസ്എസ് നേതാവ് ജയകുമാറിന് മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ നോട്ടിസ് നല്‍കി. എഡിജിപി സുഹൃത്തായ ജയകുമാറിന് ഒപ്പമാണ് ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.