തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിയുടെ ശുപാർശയോടെ തനിക്കു ലഭിച്ചതായി മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. അതാണ് നടപടിക്രമം. അതിനുശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ നേതൃത്വത്തിൽ വീണ്ടും അന്വേഷിക്കണോ എന്ന കാര്യം ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷമാകും തീരുമാനിക്കുക.
പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങൾ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടരന്വേഷണത്തിൽ തീരുമാനമെടുക്കും. എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുന്നതും ഇതിനുശേഷം ആകാനാണ് സാധ്യത.