തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സിപിഎം തീരുമാനം വന്നതിന് പിന്നാലെ നിലപാടാവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവറിന്റെ വാക്കുകൾ ഗുണം ചെയ്തത് വലതുപക്ഷ ശക്തികൾക്കാണ്. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിയെ ദുർബലമാക്കുന്ന പ്രസ്താവനകൾ എംഎൽഎ ആവർത്തിക്കരുതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിലാണ് സഖാവ് അൻവർ പ്രവർത്തിക്കുന്നത്. പാർട്ടി അംഗമല്ലെങ്കിലും അങ്ങനെയാണ് അൻവർ പ്രവർത്തിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങൾ അൻവറിനെ പാർട്ടിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പല പ്രസ്താവനകളുമുണ്ടായി. അത്തരം പ്രസ്താവനകൾ വലതുപക്ഷ പാർട്ടിക്കാർക്കും മാദ്ധ്യമങ്ങൾക്കും ആയുധമാവുകയാണ്. ഇത്തരം പ്രസ്താവനകൾ പി.വി അൻവർ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായമെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
അൻവർ ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കും സർക്കാരിനും മുന്നിലുണ്ട്. അത് പരിഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞതാണ്. ആ ഘട്ടത്തിൽ വലതുപക്ഷ ശക്തികൾക്ക് ഗുണകരമാകുന്ന വിധത്തിൽ പ്രസ്താവനകൾ ആവർത്തിക്കുന്നതിൽ നിന്ന് പിൻമാറണമെന്നാണ് പിവി അൻവർ എംഎൽഎയോട് ആവശ്യപ്പെടാനുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.