ഡൽഹി:കോൺഗ്രസിന് പിന്നാലെ ഇടതുപാർട്ടികൾക്കും ആദായനികുതി നോട്ടീസ് ലഭിച്ചതോടെ ഇൻഡ്യാ മുന്നണി പ്രതിഷേധം കൂടുതൽ കടുപ്പിക്കും.പ്രതിപക്ഷത്തെ ഒന്നടങ്കം തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റാനുള്ള ബിജെപി തന്ത്രമെന്ന നിലയിലാണ് മുന്നണിയുടെ പ്രതികരണം.നാളെ രാംലീലാ മൈതാനിയിൽ നടക്കുന്ന മഹാറാലിയിൽ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്,കോൺഗ്രസിനും ഇപ്പോൾ സിപിഎമ്മിനും സിപിഐക്കും തുടർച്ചയായി വരുന്ന ആദായനികുതി നോട്ടീസുകൾ, കെജ്രിവാളിന്റെ അറസ്റ്റ്, ബംഗാളിലേയും തമിഴ്നാട്ടിലേയും ഇ.ഡി റെയ്ഡുകൾ, ഇവിഎം സംശയങ്ങൾ ദുരീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകാത്തത് തുടങ്ങി നിരവധി വിഷയങ്ങളുണ്ട് ഇൻഡ്യാ മുന്നണിക്ക് പറയാൻ. കേന്ദ്രം നേരത്തെ ഇ.ഡിയും സി.ബി.ഐയും വച്ചാണ് പ്രതിപക്ഷത്തെ പൂട്ടാൻ ശ്രമിച്ചതെങ്കിൽ ഇപ്പോൾ ആദായനികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആക്ഷേപം.നാളെ രാംലീല മൈതാനിയിൽ കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും.
കോൺഗ്രസിന്റെ ഹരജികൾ രണ്ടു തവണ ഡൽഹി ഹൈക്കോടതി തള്ളിയെങ്കിലും ആദായനികുതി നോട്ടീസിനെതിരെ സിപിഎമ്മും ഇതേ കോടതിയെ സമീപിക്കും. സിപിഐയും കോടതിയിൽ പോകാൻ ആലോചനയുണ്ട്. ഇരുപാർട്ടികൾക്കുമായി 26 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇടതു പാർട്ടികളും തൃണമൂലും മഹാറാലിയിൽ പങ്കെടുക്കും.