ന്യൂഡൽഹി : ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി നടൻ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദിഖിനായി അഭിഭാഷകൻ മുകുൾ റോഹ്തഗി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സ ഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും.
സിദ്ദിഖിനെ തിരഞ്ഞ് പൊലീസ് അന്വേഷണം തുടരുകയാണ്. യുവനടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണു നടനെ അറസ്റ്റുചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചത്. എന്നാൽ സിദ്ദിഖിനെ വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ കണ്ടെത്താനായില്ല. സിദ്ദിഖിനെ ആരെങ്കിലും സംരക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കാനുള്ള നിർദേശവുമുണ്ട്. ബലാത്സംഗ കേസെടുത്ത ഓഗസ്റ്റ് 28നു തന്നെ സിദ്ദിഖിന്റെ നീക്കങ്ങൾ പൊലീസ് നീരീക്ഷിച്ചു തുടങ്ങിയിരുന്നു. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകി. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ദിവസം രാവിലെ മുതൽ നടനെക്കുറിച്ച് വിവരമില്ലായിരുന്നു.