അങ്കോല: ഷിരൂരിൽ കരയിലെത്തിച്ച ലോറിയിൽ നിന്നും അർജുന്‍റെ ഫോണും ബാഗും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി. മകന്‍റെ കളിപ്പാട്ടവും ഇക്കൂട്ടത്തിലുണ്ട്. ലോറി വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
ക്യാബിന്‍ പൊളിച്ച് പരിശോധിച്ചപ്പോള്‍ അസ്ഥി കണ്ടെത്തിയിരുന്നു. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്‍റെ സിഗ്നൽ ലഭിച്ച സിപി രണ്ട് പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി ഉയര്‍ത്തിയെടുത്തത്.