പത്തനംതിട്ട : അടൂരില്‍ ലോറിയിലേക്ക് കാറിടിച്ചു കയറ്റി കൊല്ലപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും ഫോണുകൾ സൈബർ സെല്ലിന് കൈമാറി. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കാര്യങ്ങൾക്ക് വ്യക്തത വരും എന്നാണ് പ്രതീക്ഷ. അനുജയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ രാത്രിയായിരുന്നു ഹാഷിമിന്റെ കബറടക്കം. അനുജയും ഹാഷിമും ആറുമാസമായി അടുപ്പത്തിലായിരുന്നു എന്നുള്ള വിവരങ്ങൾ അടുത്ത പരിചയക്കാരിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള പ്രശ്നം എന്തായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ ഫോൺ പരിശോധിക്കുന്നതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. ഹാഷിമിന്റെ രണ്ടു ഫോണും അനുജയുടെ ഒരു ഫോണുമാണ് കൈമാറിയത്. ഒരു വർഷത്തെ വിവരങ്ങൾ ശേഖരിക്കും.
കാറില്‍ മല്‍പ്പിടുത്തം നടന്നുവെന്ന് വെളിവാക്കുന്നതാണ് പഞ്ചായത്തംഗം നല്‍കിയ മൊഴി. കാറ് പാളിപ്പോകുന്നതും മുന്നില്‍ ഇടത്തെ ഡോര്‍ തുറക്കുന്നത് കണ്ടും എന്നായിരുന്നു മൊഴി. അനുജ രക്ഷപെടാന്‍ ശ്രമിച്ചിട്ടും ഹാഷിം തടഞ്ഞതായാണ് നിഗമനം. കുളക്കടനിന്ന് നേരെ അടൂരില്‍ എത്താമെന്നിരിക്കെ ഏനാദിമംഗലം ഏഴംകുളം വഴി എന്തിന് വന്നു എന്ന സംശയം ബാക്കിനില്‍ക്കുന്നു. ഇതിൽ അടക്കം വ്യക്തത വരുത്തും. കാറിലടക്കം വിശദമായ ഫൊറന്‍സിക് പരിശോധന നടക്കാനുണ്ട്. വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാവും പൊലീസ് അന്വേഷണം.