ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാൽ ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിമൂന്ന് പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.