കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു.
1994 നവംബര്‍ 25 ല്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ നേതാക്കളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എം വി രാഘവന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് വെടിയേറ്റത്. ഇതോടെ പുഷ്പന്‍ പൂര്‍ണമായും കിടപ്പിലായി. ഈ സംഭവം നടക്കുമ്പോള്‍ പുഷ്പന് പ്രായം വെറും 24 വയസായിരുന്നു.
അസുഖബാധിതനായ ഓരോ തവണയും മരണമുഖത്ത് നിന്ന് കൂടുതല്‍ ഊര്‍ജസ്വലനായി പുഷ്പന്‍ തിരിച്ചുവന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി പുഷ്പന്‍. ചെഗുവേരയുടെ മകള്‍ അലിഡ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പനെ കാണാന്‍ മേനപ്രയിലെ വീട്ടിലെത്തി. ബാലസംഘത്തിലൂടെയാണ് പുഷ്പന്റെ മനസില്‍ ഇടതുപക്ഷ ആശയം വളരുന്നത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാം ക്ലാസ് വരെ പഠിച്ചു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്തി ചെറുപ്പത്തില്‍ തന്നെ വീടിനടുത്തെ പലചരക്കു കടയില്‍ ജോലിക്ക് കയറി. ബെംഗളൂരുവിലെ കടയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ വന്നപ്പോഴായിരുന്നു പുഷ്പന്‍ സമരത്തില്‍ പങ്കെടുക്കുന്നതും വെടിയേറ്റ് കിടപ്പിലാകുന്നതും.