രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് സെയ്ഫ് അലിഖാന്റെ പ്രശംസ. ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇവരില്‍ ആരെയാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് അവരെല്ലാം ധീരരായ രാഷ്ട്രീയക്കാരാണെന്നാണ് സെയ്ഫ് പറഞ്ഞത്. എന്നാല്‍ മുൻകാലങ്ങളിൽ തനിക്ക് ലഭിച്ച അനാദരവ് മാറ്റിയ രാഹുല്‍ ഗാന്ധിയെ സെയ്ഫ് പ്രശംസിച്ചു.
ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. എനിക്ക് ഒരു രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടെങ്കിൽ, എനിക്ക് അത് പങ്കുവയ്ക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്” താരം കൂട്ടിച്ചേർത്തു. കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് അടക്കം സെയ്ഫ് അലി ഖാന്‍റെ വീഡിയോ എക്സ് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്.
“രാഹുൽ ഗാന്ധി ചെയ്തകാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നുണ്ട്. ആളുകൾ അദ്ദേഹം പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോട് അനാദരവ് കാണിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വളരെ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചതായി ഞാൻ കരുതുന്നു” സെയ്ഫ് അലി ഖാന്‍ പറയുന്നു.
“ഒരു അരാഷ്ട്രീയക്കാരനായി ആളുകള്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യം വളരെ വ്യക്തമായി അതിനെക്കുറിച്ച് സംസാരിച്ചുവെന്ന് ഞാൻ കരുതുന്നു. ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ആ ജനാധിപത്യം ഇന്ത്യയിൽ സജീവവും ആഴത്തില്‍ വേരുന്നിയതുമാണ് ” സെയ്ഫ് അലി ഖാന്‍ പറഞ്ഞു.