നിലമ്പൂര്‍: സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തില്‍ വന്‍ ജനാവലി. നിലമ്പൂര്‍ ചന്തക്കുന്നിലെ യോഗത്തിന് വിവിധ ജില്ലകളില്‍ നിന്നും ആളുകളെത്തി. രാഷ്ട്രീയ വിശദീകരണ യോഗത്തിന്എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനാവലി സ്വീകരിച്ചത്. പാര്‍ട്ടിഭേദമന്യേ പ്രവര്‍ത്തകര്‍ യോഗത്തിന് എത്തിയിട്ടുണ്ട്. യോഗത്തില്‍ അന്‍വര്‍ എന്ത് പറയും എന്നാണ് ഇനി ഉറ്റുനോക്കുന്നത്.
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് എതിരെയുള്ള തെളിവുകള്‍ പൊതുസമ്മേളനത്തില്‍ പുറത്തുവിടുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. പൊതുസമ്മേളനത്തിന് പൊലീസ് വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ട്. അന്‍വറുമായുള്ള ബന്ധം സിപിഐഎം ഉപേക്ഷിച്ചതോടെ പിവി അന്‍വറും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
മോഹന്‍ദാസ് ആര്‍എസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്ന അന്‍വറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അന്‍വര്‍ വര്‍ഗീയതയുടെ തീപ്പന്തമാവുകയാണെന്നും ജില്ലാ സെക്രട്ടറി തിരിച്ചടിച്ചിരുന്നു. മാത്രമല്ല ഫോണ്‍ ചോര്‍ത്തലില്‍ പി വി അന്‍വറിനെതിരെ ഇന്ന് കേസെടുത്തിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.