മലപ്പുറം : പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി.അൻവർ. പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങിയ അൻവർ മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ ആഞ്ഞടിച്ചു. എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലത്തിലേക്കു കേരളം നീങ്ങുകയാണെന്നായിരുന്നു അൻവർ പറഞ്ഞത്. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് അദ്ദേഹത്തെ വരവേറ്റത്. സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ.സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഒരാള്‍ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ് എന്നും അൻവർ പറഞ്ഞു.