ന്യൂഡൽഹി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു തയ്യാറാക്കുന്നതിന് മായംകലർന്ന നെയ്യ് ഉപയോഗിച്ചെന്ന പരസ്യമായ ആരോപണത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ വിമർശിച്ച് സുപ്രീംകോടതി. വിഷയത്തിൽ അന്വേഷണം നടക്കുന്ന വേളയിൽ നായിഡു നടത്തിയ പ്രസ്താവനകളുടെ ഔചിത്യം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ ചോദ്യം ചെയ്തു.
നായിഡുവിന്റെ പ്രസ്താവനകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി ദൈവങ്ങളെ രാഷ്ട്രീയക്കാരിൽനിന്ന് അകറ്റി നിർത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിരീക്ഷിച്ചു. നെയ്യിന്റെ സാമ്പിളുകൾ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രഥമദൃഷ്ട്യാ ആരോപണങ്ങളുടെ ആധികാരികതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന വികാരങ്ങളുമായി ബന്ധപ്പെട്ടതാണ് ഹരജി. കഴിഞ്ഞ ഭരണകാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന പ്രസ്താവനയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ, തിരുപ്പതി തിരുമല ദേവസ്ഥാനം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഇത്തരത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് പ്രസ്താവന നടത്തിയതായി ചില പത്രവാർത്തകൾ വ്യക്തമാക്കുന്നു.
അന്വേഷണം പുരോഗമിക്കുമ്പോൾ കോടിക്കണക്കിന് ആളുകളുടെ വികാരത്തെ ബാധിക്കുന്ന തരത്തിൽ ഒരു പ്രസ്താവന നടത്തുന്നത് ഉയർന്ന ഭരണഘടനാ പദവിക്ക് ഉചിതമല്ലെന്ന കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്. സ്വതന്ത്ര അന്വേഷണവും മത ട്രസ്റ്റുകളുടെ കാര്യങ്ങളും പ്രസാദത്തിന്റെ നിർമാണവും നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങളും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജികൾ സമർപിച്ചിരിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. വാദത്തിനിടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിക്ക് ബെഞ്ചിൽ നിന്ന് രൂക്ഷമായ ചോദ്യങ്ങൾ നേരിടേണ്ടിവന്നു.