കണ്ണൂർ: കള്ളക്കടത്ത് സംഘങ്ങൾ അഴിഞ്ഞാടിയത് മുഖ്യമന്ത്രിയുടെ പിന്തുണയോടെയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്. എട്ട് വർഷമായി കള്ളക്കടത്ത് സംഘടനകളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചു. പി വി അൻവർ അടക്കമുള്ളവരെ വളർത്തിയത് പിണറായുടെ മൂശയിലാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ സിപിഐഎം തകരുന്ന കാലം അതിവിദൂരമല്ല. മുഖ്യമന്ത്രിയുടെ കാലത്തോടെ സിപിഐഎം ഇല്ലാതാവും. 2026 ൽ സംസ്ഥാനത്ത് സർക്കാറുണ്ടാക്കാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്. കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത് കണക്കുകൾ സഹിതം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ‘123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത്’ – എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
എന്നാൽ മുഖ്യമന്ത്രി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്നാണ് മുസ്ലിം ലീഗ് അടക്കമുള്ള നേതാക്കളുടെ ആക്ഷേപം. കേരളത്തിലെ ഉന്നത പൊലീല് ഉദ്യോഗസ്ഥർ സ്വർണ്ണ്ക്കള്ളക്കടത്ത് കേസിൽ കൃത്രിമം നടത്തുന്നുണ്ടെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ ആരോപിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.