കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.
അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, രണ്ടുദിവസത്തിനുളളിൽ പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്. ഇപ്പോഴത്തെ നിലയിൽ അറസ്റ്റുചെയ്താൽ വേണ്ടപോലെയുള്ള കസ്റ്റഡി ചോദ്യം ചെയ്യൽ അസാധ്യമാകും. സിദ്ദിഖ് പറയുന്നത് മാത്രം മൊഴിയായെടുത്ത് കോടതിയിൽ ഹാജരാക്കേണ്ടതായി വരും. അതൊഴിവാക്കി ചോദ്യം ചെയ്ത് വിട്ടയക്കാനും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷം അറസ്റ്റ് നടപടികളിലേക്ക് കടന്നാൽ മതിയോ എന്നുമാണ് എസ് ഐ ടിയുടെ ആലോചന.
ഈ മാസം 22ന് സിദ്ദിഖിന്‍റെ ഹർജി സുപ്രീകോടതി വീണ്ടും പരിഗണിക്കുമ്പോൾ ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. എന്നാൽ പൊലീസിന്‍റെ നോട്ടീസ് രണ്ട് ദിവസത്തിനകം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നേരിട്ട് ഹാജരാകാനാണ് സിദ്ദിഖിന്‍റെ തീരുമാനം. അതുവഴി അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്ന് സുപ്രീംകോടതിയിലും നിലപാടെടുക്കാനാകും.