ലണ്ടന്‍: ”ലൈംഗികവേഴ്ചകൾ കാണുന്നത് കുട്ടികൾക്ക് നല്ലതാണെന്നായിരുന്നു അവിടത്തെ ‘തത്വശാസ്ത്രം’. ഓരോ കൂടാരങ്ങളും കയറിയിറങ്ങി ലൈംഗികവൃത്തികൾ കാണലായിരുന്നു അന്ന് ഞങ്ങൾക്കു പണി. ‘അവൻ ഇത്തിരി തടിയനാണല്ലോ’, ‘അവൾ ആർത്തവത്തിലാണെന്നു തോന്നുന്നു’, ‘അവരെന്താ പൊസിഷൻ മാറ്റാത്തത്?’; സ്‌പോർട്‌സ് കമന്റേറ്റർമാരെ പോലെ പറഞ്ഞു നടക്കുകയായിരുന്നു അന്ന് ഞങ്ങൾ. രാത്രി കുട്ടികൾ കിടന്നുറങ്ങുമ്പോൾ അതേ ബെഡിൽ തന്നെ തൊട്ടരികിൽ ആരെങ്കിലുമൊക്കെ സെക്‌സ് ചെയ്യുന്നുണ്ടാകും..”
ഓഷോ എന്ന പേരിൽ വിശ്രുതനായ ഇന്ത്യൻ ആൾദൈവം രജനീഷിന്റെ ആശ്രമങ്ങളിൽ, പ്രായപൂർത്തിയാകുന്നതിനു മുൻപ് നേരിട്ട ലൈംഗിക പീഡന പരമ്പരകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണിപ്പോൾ ബ്രിട്ടീഷ് പൗരയായ പ്രേം സർഗം. പൂനെ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമങ്ങളിലായി 12 വയസ് തികയും മുൻപ് 50ലേറെ തവണ പീഡനത്തിനിരയായെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദി ടൈംസി’നു നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയത്.
ലിവ് ഇൻ ലവ്(സ്‌നേഹത്തിലായി ജീവിക്കൂ) എന്ന ‘തത്വശാസ്ത്രം’ പരിചയപ്പെടുത്തി, ആശ്രമങ്ങളിൽ പാപബോധങ്ങളൊന്നുമില്ലാതെ, സ്വതന്ത്രമായി സെക്‌സ് ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുകയായിരുന്നു ഓഷോയെന്നാണ് അവർ പറയുന്നത്. കുട്ടികളും സെക്‌സ് കാണണമെന്നും അതൊരു ലജ്ജിക്കേണ്ട കാര്യമല്ലെന്നുമാണു പറഞ്ഞു പഠിപ്പിച്ചിരുന്നതത്രെ. സ്‌നേഹത്തിലൂടെയും സെക്‌സിലൂടെയും കീഴൊതുങ്ങളിലൂടെയും മാത്രമേ സ്വാതന്ത്ര്യം സാധ്യമാകൂ എന്നായിരുന്നു ഓഷോ ‘പ്രബോധനം’ ചെയ്തുകൊണ്ടിരുന്നത്. മാതാപിതാക്കളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനു വിഘ്‌നം വരാതിരിക്കാൻ കുട്ടികളെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുകയാണു ചെയ്തിരുന്നതെന്നും ഇപ്പോൾ 54കാരിയായ സർഗം വെളിപ്പെടുത്തുന്നു.
പ്രേം സർഗത്തിന് ആറു വയസുള്ളപ്പോഴാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഐബിഎമ്മിലെ ജോലി ഉപേക്ഷിച്ച് അച്ഛൻ ഡേവനിലെ വീട് വിട്ടിറങ്ങുന്നത്. ആത്മീയമായാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പൂനെയിലേക്കായിരുന്നു ആ യാത്ര. ഒരു വർഷത്തിനകം തന്നെ സർഗത്തെയും അമ്മയെയും കൂടെ അച്ഛൻ ഇന്ത്യയിലെ ആശ്രമത്തിലേക്കു കൂട്ടുന്നത്. അങ്ങനെ ആറാം വയസിൽ തന്നെ കാഷായ വസ്ത്രം ധരിച്ച് ‘ഓഷോ സന്യാസിനി’ ആകുന്നു സർഗം.
കുറച്ചുനാൾ കഴിഞ്ഞ് മാതാപിതാക്കളിൽനിന്നു മാറ്റി കുട്ടികളുടെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പഠനമോ വിദ്യാഭ്യാസ പ്രവർത്തനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞുപ്രായത്തിലെ കളിയും രസങ്ങളുമില്ല. രാത്രിയും പകലുമെന്നുമില്ലാതെ അടുക്കളയിൽ 12 മണിക്കൂർ ജോലിയായിരുന്നു.
പ്രായപൂർത്തിയാകാത്ത ആ പ്രായത്തിൽ കാണുന്നതെല്ലാം സെക്‌സ് ആയിരുന്നു. ആശ്രമത്തിലെ ഓരോ കൂടാരങ്ങളിലും ആണും പെണ്ണും ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നത് കണ്ടുനിൽക്കുകയായിരുന്നു പണി. രാത്രി കുട്ടികൾ കിടന്നുറങ്ങുമ്പോൾ അതേ ബെഡിൽ ആരെങ്കിലും വന്ന് സെക്‌സിലേർപ്പെടുന്നുണ്ടാകും. ഇതോടൊപ്പം സെക്‌സുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു എങ്ങും.
ഏഴാം വയസിൽ തന്നെ മുതിർന്നൊരു പുരുഷൻ സർഗത്തെ ലൈംഗികമായി ഉപയോഗിച്ചു. മാസങ്ങളോളം മിഠായി നൽകി പ്രലോഭിപ്പിച്ചായിരുന്നു ഇത്. 16 വയസ് പിന്നിടുമ്പോഴാണ് അന്നു സംഭവിച്ചതെന്തായിരുന്നുവെന്ന് മനസിലാകുന്നതെന്ന് അവർ പറയുന്നു. അന്നു മുതൽ 11-ാം വയസു വരെ ആശ്രമത്തിലെ ഗാർഡുകൾ പലതരത്തിലുള്ള ലൈംഗികവൃത്തികൾക്കായി അവളെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഉപയോഗിച്ചു. പല പുരുഷന്മാരുമായും സെക്‌സിലേർപ്പെടാൻ നിർബന്ധിക്കപ്പെട്ടു. ഇതെല്ലാം ഇന്ത്യയിലെ ആശ്രമത്തിലായിരുന്നു സംഭവിച്ചത്.
11-ാം വയസിൽ ഇംഗ്ലണ്ടിലെ സഫോക്കിലുള്ള മെദിന ആശ്രമത്തിലേക്ക് സർഗത്തെ കൊണ്ടുപോയി. അവിടെ ബോർഡിങ് സ്‌കൂളിൽ ചേർക്കാൻ എന്നു പറഞ്ഞാണ് മിൽഡൻഹാളിലെ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് ഹൗസിലെത്തിക്കുന്നത്. ഒറ്റയ്ക്കായിരുന്നു സർഗം. മാതാപിതാക്കളോ, ഇന്ത്യയിലെ ആശ്രമത്തിൽ പരിചയപ്പെട്ട കുട്ടികളോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഒരൊറ്റ കാര്യത്തിൽ മാത്രം മാറ്റമുണ്ടായിരുന്നില്ല. ഇന്ത്യയിൽ നേരിട്ട ലൈംഗികചൂഷണം അവിടെ മുടക്കമില്ലാതെ തുടർന്നു.
ഇവിടെ ആറു മാസം കഴിഞ്ഞ് യുഎസിലെ ഒറിഗോണിലുള്ള ആശ്രമത്തിലെത്തി. അവിടെ അമ്മയുണ്ടായിരുന്നു. സഫോക്കിലെ ആശ്രമം അധികൃതരോട് കരഞ്ഞു കാലുപിടിച്ചാണ് അവിടേക്ക് അയയ്ക്കുന്നത്. ഇവിടെ വച്ചാണ് മുതിർന്നവരുമായി സെക്‌സിലേർപ്പെടാൻ സർഗത്തിനു ‘പരിശീലനം’ ലഭിക്കുന്നത്. ഇവിടെ വച്ചു തന്നെ കന്യകാത്വവും നഷ്ടപ്പെട്ടു. അവിടെ വെറും മൂന്നു വർഷത്തിനിടെ 50 തവണ ലൈംഗിക പീഡനത്തിനിരയായി സർഗം. ലൈംഗിക അടിമയെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ആ സമയത്തിനകം അൻപതോളം പുരുഷന്മാർ അവളുടെ ശരീരത്തിൽ കയറിയിറങ്ങി. ഒറിഗോൺ ആശ്രമത്തിൽ 70ഉം 150ഉം പേർ പീഡനത്തിനിരയാക്കിയ കുട്ടികളുണ്ടായിരുന്നുവെന്ന് സർഗം വെളിപ്പെടുത്തുന്നു.
ഓഷോ ആശ്രമത്തിലെ കുഞ്ഞുങ്ങൾ
സർഗം ഒരൊറ്റയാളല്ല. എണ്ണമറ്റ കുഞ്ഞുങ്ങൾ ഓഷോ ആശ്രമങ്ങളിൽ ക്രൂരമായ ലൈംഗികപീഡനത്തിനും വൈകൃതങ്ങൾക്കും ഇരയായിരുന്നു. ഇതിനുമുൻപും ഓഷോ ആശ്രമങ്ങളിലെ ലൈംഗിക ചൂഷണത്തിന്റെ കഥകൾ പുറത്തുവരികയും അമേരിക്കയിൽ ഉൾപ്പെടെ വലിയ അന്വേഷണ കോലാഹലങ്ങൾക്കും നിയമനടപടികൾക്കും ഇടയാക്കുകയും ചെയ്തിട്ടുണ്ട്. രജനീഷിനെ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതും ഇതിന്റെ തുടർച്ചയായായിരുന്നു. എന്നാൽ, കുട്ടികൾ നേരിട്ട പീഡനപരമ്പരകളുടെ വിവരങ്ങൾ അടുത്തിടെയാണു പുറംലോകം അറിയുന്നത്.
പ്രേം സർഗത്തിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മരോസ്ജ പെരിസോണിയസ് സംവിധായനം ചെയ്ത ‘ചിൽഡ്രൻ ഓഫ് ദി കൾട്ട്’ എന്ന ഡോക്യുമെന്ററി ആ ക്രൂരതകളിലേക്കാണ് കാമറ തിരിക്കുന്നത്. നിരവധി അതിജീവിതകളാണ് ഓഷോ ആശ്രമങ്ങളിൽ തങ്ങൾ നേരിട്ട പീഡനകഥകൾ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നത്. കുഞ്ഞായിരിക്കെ മുതിർന്ന സ്ത്രീകളുടെ പീഡനത്തിനിരയായ പുരുഷന്മാരുമുണ്ട് അക്കൂട്ടത്തിൽ. ആംസ്റ്റർഡാമിലെ ആശ്രമത്തിലാണ് പെരിസോണിയസ് ലൈംഗിക ചൂഷണങ്ങൾക്കിരയായത്; 13-ാം വസയിൽ. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അവരെ അന്നു പീഡനത്തിരയാക്കിയത്. 2021ൽ ഫേസ്ബുക്കിലൂടെയാണ് അവർ കുറ്റവാളികളുടെ പേരുപറഞ്ഞ് അവർ ആദ്യമായി പരസ്യ വെളിപ്പെടുത്തൽ നടത്തുന്നത്. ഇതിനു പിന്നാലെ തങ്ങളും നേരിട്ട സമാനമായ അനുഭവങ്ങൾ പറഞ്ഞ് വലിയൊരു കൂട്ടം പുറത്തുവന്നു.
ഓഷോ കേന്ദ്രങ്ങളിൽ എങ്ങും സെക്‌സ് ആയിരുന്നുവെന്നാണ് പെരിസോണിയസ് പറയുന്നത്. ഒരു അതിരുമില്ലാത്തൊരു ലോകമായിരുന്നു അത്. ഗർഭനിരോധന ഉറകൾ കാണാമായിരുന്നു എല്ലായിടത്തും. ഓരോ കുട്ടിക്കും ഗർഭനിരോധന ഉറകളും ഗ്ലൗവുകളും അടങ്ങിയ അലമാര തന്നെയുണ്ടായിരുന്നു. എയിഡ്‌സ് സാധ്യതകൾ പറഞ്ഞു പെടിപ്പിച്ച്, കോണ്ടവും ഗ്ലൗവും ഉപയോഗിച്ചു മാത്രമേ സെക്‌സ് പാടുള്ളൂവെന്നു കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ. ഇതെല്ലാം എന്തിനാണെന്നറിയാതെ കുട്ടികളായിരുന്ന തങ്ങൾ അതിൽ വെള്ളം നിറച്ച് പരസ്പരം എറിഞ്ഞുകളിക്കുകയായിരുന്നുവെന്നും മരോസ്ജ പെരിസോണിയസ് പറയുന്നുണ്ട്.