ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ സംഘർഷം രൂക്ഷമാക്കുന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗഡിലൂടെയായിരുന്നു അറിയിപ്പ്.
അതേ സമയം ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മിസൈൽ ആക്രമണം ശക്തമായതോടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യക്ക് പുറമെ അമേരിക്കയടക്കമുള്ള രാജ്യങ്ങളും പൌരന്മാരോട് സുരക്ഷിത സ്ഥാവനത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത നിർദ്ദേശം ലഭിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരാനാണ് പൌരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.