ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കനത്തതോടെ ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾക്കും കനത്ത തിരിച്ചടി. ഇസ്രയേലിലെ ഇറാൻ വ്യോമാക്രമണത്തിന് പിന്നാലെ സ്വർണ വിലയും എണ്ണവിലയും കുത്തനെ കൂടി. സംഘർഷം ശക്തമായതോടെ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും വില വർദ്ധനയ്ക്ക് കാരണം. എണ്ണ വില വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടേതടക്കം എല്ലാ മേഖലകളിലും വില വർദ്ധിക്കാൻ ഇടയാകും. ഇത് ജീവിത ചിലവ് കൂടുന്നതിലേക്ക് നയിക്കും.
ഓയിൽ വിലയിൽ നാല് ശതമാനത്തിന്റെ വർദ്ധനവാണ് ഒറ്റ ദിവസംകൊണ്ട് ഉണ്ടായത്. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് സിഎൽസി1 ഫ്യൂച്ചേഴ്സ് 1.05 ഡോളർ (1.48 ശതമാനം) ഉയർന്ന് ബാരലിന് 70.86 ഡോളറിലെത്തി. ബ്രെൻ്റ് ഫ്യൂച്ചേഴ്സ് ബാരലിന് 2.51 ഡോളർ (3.5%) ഉയർന്ന് 74.21 ഡോളറിലെത്തി.
ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ മടിക്കില്ലെന്നും ഇറാന്റെ വലിയ ഓയിൽ ശേഖരമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നുമുള്ള വിലയിരുത്തലാണ് വിദഗ്ധർ നടത്തുന്നത്. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം ഇസ്രയേൽ ആസൂത്രണം ചെയ്യുന്നതായി ഇസല്രയേലിന്റെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അക്സിയോസ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാകും പ്രത്യാക്രമണമെന്നും ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉൾപ്പെടെ ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം പ്രതിദിനം ഒരു ദശലക്ഷം ബാരലിലധികം വരുന്ന എണ്ണ വിപണിയെ ബാധിക്കും.
അതേസമയം ഇസ്രയേലിനെതിരായ ഇറാന്റെ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. ആക്രമണങ്ങളും പ്രതികാര നടപടികളും നിർത്തണമെന്നാണ് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നത്. വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരണമെന്ന് യൂറോപ്യ കമ്മിഷൻസ് വൈസ് പ്രസിഡന്റ് ജോസഫ് ബോറൽ ആവശ്യപ്പെട്ടു.
ഇതിനിടെ സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഇന്ന് 400 രൂപ വര്‍ധിച്ചതോടെ റെക്കോർഡ് വിലയിലെത്തി കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പമാണ് ഇപ്പോഴത്തെ സ്വർണവില എത്തി നിൽക്കുന്നത്. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.
യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. ഇറാൻ- ഇസ്രയേൽ സംഘർഷവും സ്വർണവിലയെ ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വില വർദ്ധിക്കാനാണ് സാധ്യത.