തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. നിലവിലെ ഇൻ്റലിജൻസ് മേധാവിയായിരുന്നു മനോജ് എബ്രഹാം. ഇതോടെ ഇൻ്റലിജൻസ് ചുമതലയിലും മാറ്റമുണ്ടാവും. രണ്ടു ചുമതലകളും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കില്ലാത്തതിനാലാണ് മാറ്റം. പുതിയ ഇൻ്റലിജൻസ് മേധാവിയെ ഉടൻ തീരുമാനിക്കും.
അജിത് കുമാറിനെതിരായ സ്ഥാനമാറ്റനടപടിയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ നടപടിയുടെ കാരണം വ്യക്തമാക്കാതെയാണ് ഉത്തരവിറക്കിയത്. അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാത്രി വൈകി നടപടി വന്നത്.