നിലമ്പൂര്‍: നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഐഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷയും. ഇടത് സഹയാത്രികയായ ആയിഷ നേരത്തെ പിവി അന്‍വറിനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പിവി അന്‍വര്‍ എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം യോഗം സംഘടിപ്പിക്കുന്നത്.
ഒരു മാസത്തോളമായി അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ആണ് ഉദ്ഘാടകന്‍. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി പറയാന്‍ ശ്രമിക്കുകയാണ് സിപിഐഎം. അതുകൊണ്ടാണ് അന്‍വര്‍ ആദ്യം പൊതുയോഗം നടത്തിയ ചന്തക്കുന്ന് തന്നെ സിപിഐഎം തിരഞ്ഞെടുത്തത്.
മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, ടി കെ ഹംസ, കെ ടി ജലീല്‍, നാസ കൊളായി തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിക്കും. പിവി അന്‍വര്‍ എംഎല്‍എ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് സിപിഐഎം യോഗം.
നേരത്തേ നിലമ്പൂര്‍ ആയിഷ പി വി അന്‍വറിന്റെ വസതിയില്‍ എത്തിയതിന് പിന്നാലെ സന്ദര്‍ശനം ചര്‍ച്ചയായി മാറിയിരുന്നു. വിഷയത്തില്‍ നിലമ്പൂര്‍ ആയിഷ വിശദീകരണവുമായി എത്തിയിരുന്നു. അന്‍വറിനോട് സ്നേഹമുണ്ടെന്നും അതിലേറെ സ്നേഹം പാര്‍ട്ടിയോടുണ്ടെന്നുമാണ് ആയിഷ പറഞ്ഞത്. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.