റിയാദ്: സൗദിയിൽ പ്രവാസി തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പദ്ധതി സ്വകാര്യ കമ്പനികൾക്കും നേട്ടമാകും. ഇൻഷുറൻസ് പ്രോഡക്റ്റ് എന്ന പേരിൽ ഇന്നലെയാണ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ശമ്പളം കൃത്യമായി ലഭിക്കാത്ത തൊഴിലാളികൾക്കുള്ള കുടിശ്ശികാ വേതന സംരക്ഷണം, നാട്ടിലേക്ക് തിരിച്ചു പോകുന്നതിനുള്ള യാത്രാ ചെലവ് എന്നിവ പുതിയ ഇൻഷുറൻസിന്റെ പരിധിയിൽ വരും.
കമ്പനി നഷ്ടത്തിലാവുകയോ തൊഴിലുടമ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയോ ചെയ്യുന്ന അപൂർവ സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് പുതിയ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ ക്ലെയിം ചെയ്യണം. ഇതിലൂടെ ഇൻഷൂറൻസ് സേവനത്തിൽ നിന്ന് പ്രയോജനം നേടാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് യാത്രാ ടിക്കറ്റും പദ്ധതിയിൽ ഉൾപ്പെടും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കുക. സാമ്പത്തിക സുരക്ഷ നൽകുക. തൊഴിലാളികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.