തിരുവനന്തപുരം: മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക്. ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കും.കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
ബിജെപി അംഗത്വം എടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറേനാളുകളായി കേന്ദ്ര സംസ്ഥാന നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നാണ് വിവരം. പൊലീസിലെ ആര്‍എസ്എസ് ബന്ധം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ആ ശ്രീലേഖ ഐപിഎസിന്റെ ബിജെപി പ്രവേശനം.
വിരമിച്ച ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ പലഘട്ടത്തില്‍ ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ബിജെപി അംഗത്വ ക്യാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന് പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.