ടാറ്റയെന്ന ബ്രാന്‍ഡിന്‍റെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാതെ കടുന്നുപോകുന്നതല്ല ശരാശരി ഇന്ത്യക്കാരന്‍റ ദൈനംദിന ജീവിതം. ഉപ്പു മുതല്‍ വിമാനം വരെ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്‍റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുണ്ട്.
അതിസമ്പന്ന പാഴ്സി കുടുംബത്തിലായിരുന്നു രത്തൻ ടാറ്റയുടെ ജനനം. എന്നാല്‍ സങ്കട കാലമായിരുന്നു ബാല്യം. അച്ഛനും അമ്മയും വഴിപിരിഞ്ഞപ്പോള്‍ അനാഥത്വം പേറി. സ്നേഹകൂട്ടൊരുക്കി അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു. അമേരിക്കയിലായിരുന്നു ആര്‍ക്കിടെക്ച്ചര്‍ പഠനം. ഇതിനിടെ മൊട്ടിട്ട പ്രണയം നിരാശയായി. ഇതോടെ പിന്നെ വിവാഹമെ വേണ്ടെന്ന് വച്ചു. ഇന്ത്യയില്‍ മടങ്ങിയെത്തി ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്.
തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെ.ആർ.ഡി ടാറ്റയ്ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍ നമ്മെ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രധാനമാണ്. കാരണം ഇസിജിയില്‍ പോലും ഒരു നേര്‍രേഖ ജീവിച്ചിരിപ്പില്ല. ഇതായിരുന്നു തിരിച്ചടികളില്‍ രത്തന്‍റെ കാഴ്ചപ്പാട്.