കോഴിക്കോട്: മൂന്നര പതിറ്റാണ്ടിന് ശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു. ഒരു ജനറല്‍ സീറ്റില്‍ മാത്രമാണ് എസ്എഫ്‌ഐയ്ക്ക് വിജയിക്കാനായത്. നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം കോഴിക്കോട്ടെ ക്യാമ്പസുകളില്‍ കെഎസ്‌യുവാണ് മുന്നിട്ട് നില്‍ക്കുന്നത്. കോഴിക്കോട് ദേവഗിരി കോളേജ്, കുന്നമംഗലം SNES കോളേജ്, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് എന്നിവിടങ്ങളിലാണ് കെഎസ്‌യു ജയിച്ചത്. കോടഞ്ചേരി ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ് എന്നിവ KSU മുന്നണി നേടി.
അതേസമയം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ എസ്എഫ്‌ഐ നേടി. സികെജി ഗവ. കോളജ് പേരാമ്പ്ര, മടപ്പള്ളി ഗവ. കോളജ്, മൊകേരി ഗവ. കോളജ്, ബാലുശ്ശേരി ഗവ. കോളജ് എന്നിവയും എസ്എഫ്‌ഐ നേടി. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയനും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐയ്ക്കാണ്. എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്. എന്‍എസ്എസ് നെന്മാറ, എന്‍എസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛന്‍ ലോ കോളേജ്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി, അയിലൂര്‍ ഐഎച്ച്ആര്‍ഡി, എസ് എന്‍ ഷൊര്‍ണ്ണൂര്‍ തുടങ്ങിയ കോളേജുകളുടെ യൂണിയനും എസ്എഫ്‌ഐ നേടി. അതേസമയം തൃത്താല മൈനോരിറ്റി കോളേജ്, ഗവ. കോളേജ് തൃത്താല, എന്‍എസ്എസ് കോളേജ് ഒറ്റപ്പാലം, ആര്‍ജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല യൂണിയനുകള്‍ കെഎസ്‌യു നേടി.
കോളേജ് യൂണിയന്‍ വിജയം എസ്എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചുവെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. തിരിച്ചടിയുണ്ടായ കോളേജുകളില്‍ പരിശോധന നടത്തുമെന്നും ആര്‍ഷോ പറയുന്നു.