പത്തനംതിട്ട: ആശാവര്‍ക്കര്‍മാരെല്ലാം ഇടത് സ്ഥാനാര്‍ഥിയുടെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരുടെ കോര്‍ഡിനേറ്റര്‍. കുടുംബശ്രീ, ആശ പ്രവര്‍ത്തകരെ അടക്കം പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന യുഡിഎഫ് പരാതിക്കിടെയാണ് ശബ്ദസന്ദേശങ്ങള്‍ പുറത്തു വരുന്നത്.
പ്രമാടം പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകരുടെ കോര്‍ഡിനേറ്റര്‍ മിനിയാണ് ഭീഷണിപ്പെടുത്തും വിധം സന്ദേശം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും വന്നില്ലെങ്കില്‍ കുഴപ്പമാകുമെന്നും പഴയപോലെ വിശദീകരണം നല്‍കേണ്ടി വരുമെന്നും പറയുന്നുണ്ട്.
താനൊരു യോഗവും വിളിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് നവനീത് പറഞ്ഞു. നേരത്തേയും മറ്റ് ചില പഞ്ചായത്തുകളില്‍ കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. അനുഭാവികള്‍ പ്രചാരണം നടത്തിയാല്‍ എന്താണ് തെറ്റെന്ന് സ്ഥാനാര്‍ഥിയും ചോദിക്കുന്നു. നിരന്തരമായ ദുരുപയോഗങ്ങളാണ് നടക്കുന്നതെന്നും തുടര്‍ന്നും ഇടപെടുമെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്‍റു പറഞ്ഞു.