ദില്ലി: ജമ്മു കശ്മീരിൽ മന്ത്രിസഭ രൂപീകരണ ചർച്ചയിലേക്ക് കടന്ന് നാഷണൽ കോൺഫറൻസ്. ഇന്ന് കൂടിയ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ നാഷണൽ കോൺഫറസിന് പിന്തുണ നൽകാൻ തീരുമാനമായി. ഇതുസംബന്ധിച്ച കത്ത് കൈമാറും. പാർട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷൻ വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് നാളെ ലെഫ്. ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണക്കത്തുമായി നാളെ ലെഫ് ഗവർണറെ കാണും. സത്യപ്രതിജ്ഞക്ക് തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കറും ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്ന നിലപാട് നാഷണൽ കോൺഫറൻസ് ഇരുപാർട്ടികളുടെയും സംയുക്തയോഗത്തിൽ അറിയിക്കുമെന്നാണ് വിവരം.അതെസമയം സിപിഎം എംഎൽഎ യൂസഫ് തരിഗാമിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഫറൂഖ് അബ്ദ്ദുള്ള ഉൾപ്പെടെയുള്ളവരുടെ താൽപര്യം.
എന്നാൽ, യൂസഫ് തരിഗാമിയെ മന്ത്രിയാക്കാൻ നാഷണൽ കോൺഫറൻസ് ഇതുവരെ നിർദ്ദേശം വzച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നിർദ്ദേശം വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് നിലപാട്. ജമ്മുകശ്മീരിലെ മാറിയ സാഹചര്യത്തിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കണോ എന്ന് ആലോചിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
നാഷ്ണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ആണ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടുള്ളത്. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി.