ന്യൂഡൽഹി: രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ പാർട്ടികളുടെ മെഗാറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. 400സീറ്റ് തികക്കാനായി ചില കോടീശ്വരൻമാരെ കൂട്ടുപിടിച്ച് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാച്ച് ഫിക്സിങ് നടത്തുകയാണെന്ന് രാഹുൽ ആരോപിച്ചു.ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ ആയുധമാക്കി മാറ്റിയ കേന്ദ്രസർക്കാർ രണ്ട് മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയിലിലടച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നിങ്ങൾക്ക് തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പോ അതിനു ശേഷമോ ചെയ്യാമായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല. കാരണം പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ വേണ്ടെന്നാണ് അവർ ചിന്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. രാഹുൽ സംസാരിക്കുമ്പോൾ സോണിയ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപനയും വേദിയിലുണ്ടായിരുന്നു. ഇ.ഡിയാണ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തത്.
നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള വോട്ടെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾ തന്ത്രപൂർവം വോട്ട് വിനിയോഗിച്ചില്ല എങ്കിൽ മാച്ച് ഫിക്സർ വലിയ വിജയം നേടും.ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന അടിമുടി മാറ്റിയെഴുതുമെന്നാണ് ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്. അതൊരു നാക്കുപിഴയല്ല. ഒരു ആശയം പരീക്ഷിച്ചതാണ്. ഭരണഘടന എന്നത് ജനങ്ങളുടെ ശബ്ദമാണ്. അത് ഇല്ലാതായാൽ നമ്മുടെ രാജ്യം തന്നെ നാമാവശേഷമാകും.-രാഹുൽ ഓർമപ്പെടുത്തി.