പത്തനംതിട്ട: ശബരിമലയിലേക്ക് വ്രതമെടുത്ത് മാലയിട്ട് വരുന്ന ഒരു ഭക്തനും ദർശനം നിഷേധിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് തിരിച്ചു പോകേണ്ടി വരില്ല. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. ഇടത്താവളങ്ങളിൽ അക്ഷയ സെന്ററുകളുടെ സഹായത്തോടെ ബുക്കിംഗ് സൗകര്യം ഒരുക്കും. ഒരു കലാപവും ഉണ്ടാവാൻ സർക്കാർ അനുവദിക്കില്ല. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വന്നാൽ നേരിടും. സർക്കാർ ഒരുതരത്തിലുള്ള പ്രകോപനത്തിനും ഇല്ലെന്നും വി എൻ വാസവൻ പറഞ്ഞു.
ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കി. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചിരുന്നു. വിഷയത്തില്‍ ബിജെപിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കും.
സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഭക്തരെയൊന്നും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാൽ ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.