ഓസ്ലോ: 2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരൺ അസെമൊഗ്ലു, ബ്രിട്ടിഷ് വംശജൻ സൈമൺ ജോൺസൺ, ജെയിംസ് എ. റോബിൻസൺ എന്നിവർക്ക്. സാമൂഹിക സ്ഥാപനങ്ങൾ രൂപംകൊണ്ടതും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങൾക്കാണ് പുരസ്കാരം. യു.എസിലെ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞരാണ് അസെമൊഗ്ലുവും ജോൺസണും. ഷിക്കാഗോ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ് റോബിൻസൺ.
രാജ്യങ്ങൾ തമ്മിലുള്ള വരുമാനങ്ങളിലെ അന്തരം കുറക്കാൻ സാമൂഹിക സ്ഥാപനങ്ങൾ വഹിക്കുന്ന പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ പുരസ്കാര ജേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നതിന്റെ കാരണങ്ങളാണ് ഇവർ പഠനത്തിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്തത്.മോശം നിയമവാഴ്ച നിലനിൽക്കുന്ന സമൂഹങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും സാമ്പത്തികപരമായി ഒരു മാറ്റവും സൃഷ്ടിക്കുന്നില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
തൊഴിലിടങ്ങളിലെ ജെന്‍ഡര്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ഹാർവഡ് സര്‍വകലാശാല പ്രഫസര്‍ ക്ലോഡിയ ഗോള്‍ഡിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍.