ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’ കനക്കുന്നതിൽ ആശങ്കയും വർധിക്കുന്നു. കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നും അക്രമങ്ങളിൽ പങ്കുണ്ടെന്നുമാണ് കനേഡിയൻ പൊലീസിന്റെ ആരോപണം.
ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാർ സമാധാനം പാലിക്കണമെന്ന് ഇന്നലെ കാനഡ ആവശ്യപ്പെട്ടിരുന്നു