ബംഗളൂരു: മസ്ജിദിനുള്ളിൽ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് രണ്ടുപേര്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് കർണാടക ഹൈകോടതി റദ്ദാക്കി. ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ സിംഗ്ൾ ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. ‘ജയ് ശ്രീറാം’ വിളിക്കുന്നത് ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ച ബഞ്ച് ചോദിച്ചു. പ്രതികൾ മതത്തെയോ മതവികാരത്തെയോ അധിക്ഷേപിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
2023 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കർണാടകയിലെ കഡബയിലുള്ള മസ്ജിദിനുള്ളില്‍ രാത്രി 10.50ഓടെ കയറിയ പ്രതികള്‍ ജയ് ശ്രീറാം വിളിക്കുകയും ഭീഷണിയുയർത്തുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാത്ത രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.പി.സി സെക്ഷൻ 295 എ– മതവികാരം വ്രണപ്പെടുത്തല്‍, സെക്ഷൻ 447– അതിക്രമിച്ചു കടക്കല്‍, സെക്ഷൻ 506– ഭീഷണിപ്പെടുത്തൽ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
എന്നാല്‍ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികൾ കർണാടക ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. സംഭവം നടന്ന കഡബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാർദത്തോടെയാണ് ജീവിക്കുന്നതെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയായിരുന്നു പ്രതികളെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാല്‍ മസ്ജിദ് ഒരു പൊതു സ്ഥലമാണെന്നും അവിടെ പ്രവേശിക്കുന്നത് ക്രിമിനൽ അതിക്രമമായി കണക്കാക്കാനാവില്ലെന്നുമാണ് ഹരജിക്കാർ വാദിച്ചത്.
പരാതിക്കാരന്‍ തന്നെ സ്ഥലത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാർദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹൈകോടതി വിധി വന്നിരിക്കുന്നത്. എല്ലാ പ്രവൃത്തികളെയും ഐ.പി.സി സെക്ഷൻ 295 പ്രകാരമുള്ള മതവികാരം വ്രണപ്പെടുത്തല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബഞ്ച് വ്യക്തമാക്കി. ഹരജിക്കാർക്കെതിരായ തുടർ നടപടികൾ നിയമത്തിന്‍റെ ദുരുപയോഗമായി മാറുമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു.