ഒക്ടോബർ ഒന്നിന് ഇറാൻ, ഇസ്രയേലിന് നേർക്ക് നടത്തിയ വ്യോമക്രമണത്തിനുള്ള തിരിച്ചടി എങ്ങനെയായിരിക്കും? ഇസ്രയേൽ തങ്ങളെ ആക്രമിച്ചാൽ തിരിച്ചടി നിശ്ചയമാണെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ ഒരു സമ്പൂർണ യുദ്ധം ഒഴിവാക്കാനുള്ള ഇടപെടലുകൾ യുഎസിന്‍റെ ഭാഗത്തുനിന്നുണ്ട്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യാക്രമണം സംബന്ധിച്ച് ഉന്നത തലത്തിൽ തീരുമാനമായി എന്നാണ് റിപ്പോർട്ട്.
യുഎസ് സമ്മർദ്ദത്തിന്‍റെ ഭാഗമായി ഇസ്രയേൽ, ഇറാന്‍റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുകയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെഹന്യാഹു ഇക്കാര്യം ബൈഡൻ ഭരണകൂടത്തെ അറിയിച്ചതായി ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ എണ്ണ, ആണവായുധ കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിടില്ലെന്ന് നെതന്യാഹു കഴിഞ്ഞ ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ബൈഡന് ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്.
ഇറാൻ ആക്രമണം നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇസ്രയേൽ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ യുദ്ധം നിലവിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് നടക്കാനിരിക്കുന്ന യുഎസിനും തിരിച്ചടിയാണ്. എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് എണ്ണ വില വർധനയ്ക്ക് കാരണമാകും. ഇതിനൊപ്പമാണ് ഇറാന്‍റെ തിരിച്ചടി യുഎസ് സൈനികർക്കെതിരെയാകുമോ എന്ന ആശങ്ക. ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് എതിരാണെന്ന് ജോ ബൈഡൻ നേരത്തെ പരസ്യമാക്കിയിരുന്നു.
‘അമേരിക്കയുടെ അഭിപ്രായം ഞങ്ങൾ കേട്ടു, എന്നാൽ ഞങ്ങളുടെ തീരുമാനം ദേശിയ താൽപര്യത്തെ അടിസ്ഥാനമാക്കിയാകും’ എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രയേലിന്‍റെ ആക്രമണം കൃത്യവും വേദനാജനകവും ആശ്ചര്യകരവുമായിരിക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലന്‍റ് പറഞ്ഞത്.
അതേസമയം, അമേരിക്കയുടെ ശക്തമായ അത്യാധുനിക മിസൈൽ ഡിഫൻസ് സിസ്റ്റമായ താഡ് ( ടെർമിനൽ ഹൈ ആൽറ്റിറ്റ്യൂട് ഏരിയ ഡിഫൻസ്- താഡ്) ഇസ്രയേലിലേക്ക് അയച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. ഇതിനൊപ്പം 100 ഓളം യുഎസ് സൈനികരും എത്തിയെന്നാണ് വിവരം. രണ്ട് സി-17 യുഎസ് സൈനിക വിമാനങ്ങൾ ഇസ്രയേൽ എയർഫോഴ്സിന്റെ നെവാറ്റിം ബേസ് ക്യാംപിലേക്ക് തിങ്കളാഴ്ച രാത്രി എത്തിയിട്ടുണ്ട്. ഇവ താഡ് സംവിധാനങ്ങൾ ഉൾകൊള്ളുന്നവയാകാം എന്നാണ് വിവരം.
ഇസ്രയേലിന്‍റെ വ്യോമ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള യുഎസ് ഇടപെടാലായി ഈ നീക്കത്തെ കാണുന്ന നിരീക്ഷകരുണ്ട്, അതേസമയം, ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുമെന്നും അതിനായുള്ള മുന്നൊരുക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിലയിരുത്തലുണ്ട്.