ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് അധികാരഭ്രഷ്ടയായ ശൈഖ് ഹസീന രാജ്യം വിട്ടിരുന്നു. ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവെന്ന് ബംഗ്ലാദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രിബ്യൂണൽ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു.മനുഷത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്നാണ് ശൈഖ് ഹസീനക്കെതിരായ ആരോപണം. ശൈഖ് ഹസീന ഭരണകാലത്ത് കൂട്ടക്കൊലകൾ നടത്തിയെന്നും ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു. ശൈഖ് ഹസീനയുടെ പാർട്ടിയിലെ മറ്റ് ചിലർക്കെതിരെയും അറസ്റ്റ് വാറന്റ് ഉണ്ട്.
ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദറിനെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പേര് വെളിപ്പെടുത്താത്ത മറ്റ് 44 പേർക്കെതിരെയും ഇത്തരത്തിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിന് പിന്നാലെ അവരുടെ പാർട്ടിയിലെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡസനോളം ആളുകൾ ഇത്തരത്തിൽ പിടിയിലായിട്ടുണ്ട്.മുൻ കാബിനറ്റ് മന്ത്രിമാർ അവാമി ലീഗ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ എന്നിവരെയെല്ലാം ഇത്തരത്തിൽ പിടികൂടിയിരുന്നു. അധികാരത്തിൽ നിന്നും പുറത്തായതിനെ തുടർന്ന് രാജ്യം വിട്ട ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.