Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറയണം- വി.ഡി. സതീശൻ

സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറയണം- വി.ഡി. സതീശൻ

കൊച്ചി: ഒരു നീതിബോധവും ഇല്ലാതെ അഴിമതിക്കാരനാക്കി അധിക്ഷേപിച്ച സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളുടെ സമ്മർദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത്. അവരെ സംരക്ഷിക്കാനാണ് തുടക്കം മുതല്‍ക്കെ പാര്‍ട്ടി ശ്രമിച്ചത്.

അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയ ആളെന്ന ഇമേജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കാനാണ് ആദ്യം ശ്രമിച്ചത്. അതിനേക്കാള്‍ വലിയ ക്രൂരതയാണ് രണ്ടാമത് ചെയതത്. നവീന്‍ ബാബുവിനെതിരെ ഒരു അഴിമതി ആരോപണം കെട്ടിച്ചമച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് തെറ്റായി പ്രചരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ കൊണ്ട് ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെ മരണത്തിന് ശേഷവും വെറുതെ വിടാതെ അഴിമതിക്കാരനായി തേജോവധം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. എന്തൊരു ക്രൂരതയാണ് സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ചെയ്തത്? ആദ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ ശ്രമിച്ച സി.പി.എം അവരെ പൂര്‍ണമായും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അഴിമതി ആരോപണം കെട്ടിച്ചമച്ചത്.

ഫയല്‍ നീക്കം നോക്കിയാല്‍ തന്നെ മനസിലാകും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന്. ആരോപണം ഉന്നയിച്ച ആള്‍ മറ്റൊരു സംരംഭകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എ.ഡി.എം കൈക്കൂലി വാങ്ങാത്ത ആളാണെന്ന് പറയുന്നുണ്ട്. 98500 രൂപയുടെ കഥ ജീര്‍ണത ബാധിച്ചു കൊണ്ടിരിക്കുന്ന സി.പി.എം ഉണ്ടാക്കിയതാണ്. ഇത്രയും ക്രൂരത ചെയ്തിട്ടും ഒരു നീതിബോധവും ഇല്ലാതെ നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കി അദ്ദേഹത്തിന്റെ കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് സി.പി.എം ആ കുടുംബത്തോടും കേരളത്തോടും മാപ്പ് പറയണം.

കലക്ടര്‍ക്കും പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോള്‍ ഇത് ഒരു ഡൊമസ്റ്റിക് പരിപാടിയാണെന്നു പറയാനുള്ള ഉത്തരവാദിത്തം കലക്ടര്‍ക്കുണ്ടായിരുന്നു. എ.ഡി.എമ്മിന് എതിരെ മോശമായി സംസാരിച്ചപ്പോഴും അവരെ വിലക്കണമായിരുന്നു. രാവിലെ നിശ്ചയിച്ച യാത്രഅയപ്പ് യോഗം വൈകിട്ടത്തേക്ക് കളക്ടര്‍ മാറ്റിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടിയായിരുന്നോയെന്നും വ്യക്തമാക്കണം.

പാര്‍ട്ടിയുടെ ഏത് നേതാക്കളാണ് അതിന് വേണ്ടി ഇടപെട്ടത്? ഒരു നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളോട് പോലും നീതി കാട്ടാത്ത പാര്‍ട്ടിയാണ് സി.പി.എം. വ്യാജരേഖ കെട്ടിച്ചമക്കാന്‍ കൂട്ടു നിന്നവരെ കുറിച്ചും അന്വേഷിക്കണം.

മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്ന ദുരവസ്ഥയില്‍ ഏറ്റവും സംഘടമുള്ള ആളാണ് മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരെ ഞാന്‍ ആക്ഷേപം ഉന്നയിച്ചപ്പോഴും ഒരു മന്ത്രിമാരും വന്നില്ല, പ്രതിരോധിക്കാന്‍ റിയാസ് മാത്രമാണ് വന്നത്. ഞാന്‍ നിയമസഭയില്‍ പ്രസംഗിക്കാന്‍ കൊള്ളാത്ത ആളാണെന്നും പാര്‍ലമെന്റേറിയനല്ലെന്നും ഭീരു ആണെന്നുമൊക്കെയാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേണ്ടി സംസാരിക്കാന്‍ ആ പാവം മാത്രമെയുള്ളൂ.

പതിനായിരം വോട്ടിന് മുകളിലുള്ള ഭൂരിപക്ഷത്തില്‍ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. രണ്ടാം സ്ഥാനത്തിന് വേണ്ടി ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നല്ല മത്സരം നടത്തട്ടെ. നിങ്ങള്‍ക്കൊരു സ്ഥാനാർഥിയെ നിശ്ചയിക്കാന്‍ ഡി.സി.സി പ്രസിഡന്റില്ലേ, പാലക്കാട് ഒരുപാട് നേതാക്കളില്ലേ എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ചോദിച്ചത്. അങ്ങനെയെങ്കില്‍ സി.പി.എം ജില്ലാ സെക്രട്ടറിക്കു തന്നെ എല്‍.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു കൂടെ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലയിലില്ലേ? എന്നിട്ടാണോ സീറ്റു തേടി ബി.ജെ.പിയില്‍ ഉള്‍പ്പെടെ പോയ ആളെ മത്സരിപ്പിക്കുന്നത്?

അങ്ങനെയുള്ള ഒരാളെ മത്സരിപ്പിക്കുന്നതില്‍ സി.പി.എമ്മിനോട് നന്ദി പറയുന്നു. എന്തിനാണ് പാലക്കാട് ജില്ലയ്ക്ക് പുറത്തുള്ള ആളെ കൊണ്ടു വരുന്നതെന്ന് സി.പി.എം തന്നെ ചോദിക്കണം. പാലക്കാടുകാരനായ ഇ.എം.എസ് ആദ്യം മത്സരിച്ചത് നീലേശ്വത്ത് നിന്നാണ്. പുന്നപ്ര വയലാറിന്റെ വീരനായകനായ അച്യുതാനന്ദന്‍ ആലപ്പുഴയില്‍ മത്സരിക്കാതെ രണ്ടു തവണ മത്സരിച്ചത് മലമ്പുഴയിലാണ്.

കണ്ണൂരുകാരനായ പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്തും പറവൂരുമാണ് മത്സരിച്ചത്. പുതിയ തലമുറയില്‍പ്പെട്ട സ്വരാജ് മലപ്പുറത്ത് നിന്നും തൃപ്പൂണിത്തുറയില്‍ നിന്നാണ് മതിസരിച്ചത്. സി.പി.എമ്മന് ചരിത്രം അറിയില്ലേ? എന്തൊരു ജീര്‍ണതയാണ് സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തെ പത്രസമ്മേളനം കണ്ടിട്ടും സി.പി.എം ആ ആളെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയെന്നു പറയുമ്പോള്‍ ആ പാര്‍ട്ടി എവിടെ എത്തി നില്‍ക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments