പത്തനംതിട്ട : കണ്ണൂർ കലക്ടറുടെ കുമ്പസാരം തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ് വിവരം. കലക്ടറുടെ കീഴിൽ കടുത്ത മാനസിക സമ്മർദം നവീൻ അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കു പോലും കലക്ടർ മിണ്ടിയില്ല. നവീനെതിരായ പരാതി ആസൂത്രിതമായിരുന്നു. പ്രശാന്തന്റെ പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബാംഗങ്ങൾ മൊഴിയിൽ പറയുന്നു.
കലക്ടർ – എഡിഎം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ല എന്നാണ് കുടുംബത്തിന്റെ മൊഴി. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
കലക്ടറുമായുള്ള ബന്ധം സൗഹാർദപരമല്ലെന്നുള്ള വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കലക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണസംഘമാണ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു പെൺമക്കൾ, സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.