കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിൽ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുൺ.കെ. വിജയന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണെന്നും ഇതിൽ പറയുന്നു. ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോർട്ട് ഉടൻ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാൻ ലാൻഡ് റവന്യൂ ജോ.കമ്മിഷ്ണർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിയാതെ
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാൽ താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകൻ താനല്ലെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.
അതേസമയം നവീൻ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കലക്ടർ അത് തടഞ്ഞില്ലെന്ന വിമർശനം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടർക്കെതിരെയാണ് മൊഴി നൽകിയത്.