ദുബായ് : ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഓഹരി വിൽപന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്യും. 28 മുതൽ നവംബർ 4 വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക. 258.2 കോടി ഓഹരികളാണ് കമ്പനി വിൽക്കുന്നത്. 0.051 ഫിൽസ് ആണ് ഓഹരിയുടെ മുഖവില. ഓഹരി വിൽപ്പനയിലൂടെ 180 കോടി ഡോളറാണ് ലുലു ലക്ഷ്യമിടുന്നത്.
അടുത്ത 5 വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങളിൽ 10000 കോടി ഡോളറിന്റെ വ്യാപാര സാധ്യതകളാണ് ലുലു മുന്നിൽ കാണുന്നത്. ലിസ്റ്റിങ് പൂർത്തിയാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയായിരിക്കും ലുലുവിന്റേത്. ഓഹരികളുടെ വിൽപ്പന വില 28ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബർ 14 ലുലു ഐപിഒകൾ അബുദാബിയിൽ ലിസ്റ്റ് ചെയ്യും.മൂന്നു ഭാഗങ്ങളാക്കിയാണ് ഓഹരി വിൽപ്പന. അദ്യ ഭാഗത്തിൽ 25.82 കോടി ഓഹരികളും (സീനിയർ ഓഹരികൾ – റിസ്ക്കും റിട്ടേണും കുറവ്) രണ്ടാം ഭാഗത്തിൽ 229.18 കോടി ഓഹരികളും (മെസനീൻ – റിസ്ക്കും റിട്ടേണും താതമ്യേന കൂടിയത്) മൂന്നാം ഘട്ടത്തിൽ 2.5 കോടി ഓഹരികളുമാണ് (ജൂനിയർ ഓഹരികൾ – റിസ്ക്കും റിട്ടേണും ഏറ്റവും കൂടിയത്) ലഭിക്കുക.
അബുദാബി കൊമേഴ്സ്യൽ ബാങ്കും ഫസ്റ്റ് അബുദാബി ബാങ്കുമാണ് ലീഡ് റിസീവിങ് ബാങ്കുകൾ. ലീഡ് മാനേജർ ബാങ്കുകളായി അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് എൻബിഡി ക്യാപിറ്റൽ, ഫസ്റ്റ് അബുദാബി ബാങ്ക്, എച്ച്എസ്ബിസി മിഡിൽ ഈസ്റ്റ്, ഇഎഫ്ജി ഹെമിസ് എന്നിവർ പ്രവർത്തിക്കും. ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, മഷ്റെക്, എമിറേറ്റ് എൻബിഡി എന്നിവരായിരിക്കും റിസീവിങ് ബാങ്ക്സ്.
മലയാളി സംരംഭകന്റെ റീട്ടെയിൽ ചെയൻ ഓഹരി വിപണിയിലേക്ക് ആദ്യമായാണ് രംഗപ്രവേശനം ചെയ്യുന്നത്. യുഎഇ, ജിസിസി മേഖലയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലുവിൽ 50000 ജീവനക്കാരുണ്ട്. അബുദാബിയിലെ നിക്ഷേപ കമ്പനിയായ എഡിക്യു 2020ൽ ലുലുവിന്റെ 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. 100 കോടി ഡോളറിനായിരുന്നു ഈ ഇടപാട്. ഓഹരി ഉടമകൾക്ക് 6 മാസം കൂടുമ്പോൾ ലാഭവിഹിതം നൽകാനാണ് തീരുമാനം.