Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാധ്‌ര, മകൻ റെയ്‌ഹാൻ വാധ്‌ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് പ്രിയങ്കയെത്തിയത്. പത്രികാ സമർപ്പണത്തിന് അഞ്ചുപേരിൽക്കൂടുതൽ പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കടുപ്പിച്ചതോടെ റോബർട്ട് വാധ്‌രയും മകനും പുറത്തേക്കുപോയി. മൂന്നു സെറ്റ് പത്രിക സമർപ്പിച്ചു.

രാവിലെ ആർപ്പുവിളികളോടെയാണ് ആയിരങ്ങൾ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വന്നിറങ്ങിയപ്പോൾ അമ്മ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും കോൺഗ്രസിലെ ഉന്നത നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാൻ പാർട്ടി പ്രവർത്തകരല്ലാത്തവർ പോലും കെട്ടിടങ്ങൾക്ക് മുകളിലും മറ്റും കയറി രാവിലെ മുതൽ കാത്തു നിൽക്കുകയായിരുന്നു. പൂക്കൾ വിതറിയാണ് നേതാക്കളെ പ്രവർത്തകർ സ്വീകരിച്ചത് ‘വയനാടിന്റെ പ്രിയങ്കരി’ എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകൾ വയനാട് കേട്ടത്.

‘‘അച്ഛൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി 35 വർഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖർഗെയോടും കോൺഗ്രസിനോടും നന്ദി പറയുന്നു. ഞാൻ ചൂരൽമലയും മുണ്ടക്കെയും സന്ദർശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നൽകി. വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നൽകിയർ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു.

നമ്മൾ സത്യത്തിനും അഹിംസയ്ക്കും നീതിക്കും വേണ്ടി പോരാടുകയാണ്. നിങ്ങളുടെ പിന്തുന്ന ഇല്ലാതെ എന്റെ സഹോദരനു രാജ്യം മുഴുവനും നടക്കാൻ സാധിക്കില്ല. ലോകം മുഴുവൻ എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോൾ നിങ്ങൾ ഒപ്പം നിന്നു. ഞങ്ങളുടെ കുടുംബം എല്ലാ കാലവും കടപ്പെട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങളുടെ കുടുംബം തന്നെയാണ്. വന്യജീവി സംഘർഷം രാത്രിയാത്ര നിരോധനം തുടങ്ങി വയനാട് നിരവധി പ്രശ്നങ്ങൾ നേരിടുന്നു. നമുക്ക് അവയെല്ലാം ഒരുമിച്ചുനിന്നു പരിഹരിക്കണം. എല്ലാവരുടെയും വീട്ടിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

ഈ രാഷ്ട്രീയത്തിനെല്ലാം അപ്പുറം ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ്. എന്റെ കുടുംബത്തിനു പ്രശ്നം വന്നപ്പോഴെല്ലാം ഞാൻ അവരോടൊപ്പം നിന്നു. നിങ്ങളും എന്റെ കുടുംബമാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും സന്തോഷങ്ങളിലും ഞാൻ നിങ്ങളോടൊപ്പമിക്കും നിങ്ങൾക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല. എന്നെ സ്ഥാനാർഥിയാക്കിയതിന് ഹൃദയത്തിൽനിന്നു നന്ദി പറയുന്നു.’’ – പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

പിന്നാലെ സംസാരിച്ച രാഹുൽ വയനാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പ്രിയങ്കയെക്കുറിച്ചും പറഞ്ഞു. ‘‘വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങൾക്ക് അറിയാം. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്നു വാക്കുകളിൽ പറയാൻ സാധിക്കില്ല. മനസ്സിൽ അത്ര വലിയ ആഴത്തിലുള്ള വികാരമാണ്. ഇന്ത്യയിൽ ഒരു മണ്ഡലത്തിൽ രണ്ട് പ്രതിനിധികൾ പാർലമെന്റിൽ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കും. ഒരാൾ ഔദ്യോഗിക എംപിയും മറ്റൊരാൾ അനൗദ്യോഗിക എംപിയുമായിരിക്കും. പ്രിയങ്കയോടു കുട്ടിക്കാലത്തു ചോദിക്കുമായിരുന്നു കൂട്ടുകാരെ സംരക്ഷിക്കാൻ വേണ്ടി ഇത്രയും ചെയ്യേണ്ടതുണ്ടോ എന്ന്. എനിക്കതു ചെയ്യേണ്ടതുണ്ട്, സുഹൃത്തുക്കൾ നന്ദി പറഞ്ഞില്ലെങ്കിലും പ്രശ്നമല്ല എന്നായിരുന്നു മറുപടി. അങ്ങനെയുള്ള പ്രിയങ്ക കുടുംബത്തിനു വേണ്ടി എന്തുമാത്രം ചെയ്യും. അച്ഛൻ മരിച്ചപ്പോൾ എല്ലാം നഷ്ടമായപ്പോൾ അമ്മയെ നോക്കിയതെല്ലാം പ്രിയങ്കയാണ്. കയ്യിലെ രാഖി പോല ഞാൻ പ്രിയങ്കയെ സംരക്ഷിക്കുന്നു. നിങ്ങളും അതുപോലെ എന്റെ സഹോദരിയെ സംരക്ഷിക്കണം’’ – രാഹുൽ കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമയ എല്ലാവരെയും ഓർമിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘‘വയനാട്ടിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക സ്ഥാനാർഥിയായത്. പ്രിയങ്ക വളരെ കരുത്തുറ്റ സ്ത്രീയാണ്. അവർ പാർലമെന്റിൽ വയനാട്ടുകാരുടെ കരുത്തുറ്റ ശബ്ദമായി മാറും. പ്രിയങ്ക ഗാന്ധിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുക എന്നത് വയനാട്ടുകാരുടെ ഉത്തരവാദിത്തമാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ജയം കോൺഗ്രസിനോടു വയനാട്ടുകാർക്കുള്ള അചഞ്ചല വിശ്വാസത്തിന്റെ പ്രതീകമാണ്. പ്രിയങ്ക കരുത്തറ്റ പോരാളിയാണ്’’ – ഖർഗെ കൂട്ടിച്ചേർത്തു.

രാവിലെ ഒൻപത് മണിയോടെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കൽപറ്റയിലെത്തി. ഒൻപതരയോടെ മുദ്രാവാക്യം വിളികളും ആരംഭിച്ചു. പ്രിയങ്കയുടെ ആദ്യമത്സരം ചരിത്രമാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. കൂറ്റൻ റാലിയോടെയാണ് അതിനു തുടക്കം കുറിച്ചത്. ഇന്നലെ രാത്രി മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബത്തേരിയിലെ റിസോർട്ടിൽ എത്തിയത്. കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്നലെ ബത്തേരിയിലേക്കു വരുന്നവഴിക്ക് പ്രിയങ്ക, കടയപ്പറമ്പില്‍ ജോയിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. മൂലങ്കാവിലും വഴിയരികിൽ കാത്തുനിന്നവർക്ക് ഹസ്തദാനം നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments