Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം; കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിൽ

ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം; കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിൽ

കണ്ടാല്‍ യഥാര്‍ഥ കോടതി. ജീവനക്കാരുണ്ട്, അഭിഭാഷകരുണ്ട്, പ്രതിമാസം അഞ്ഞൂറോളം കേസുകള്‍ തീര്‍പ്പാക്കുന്നുമുണ്ട്. ഗുജറാത്തിന്‍റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് ഈ ആര്‍ബിട്രേഷന്‍ കോടതി. മോറിസ് ക്രിസ്റ്റ്യന്‍ എന്ന അഭിഭാഷകനാണ് ആര്‍ബിട്രേറ്റര്‍. സിവില്‍ കോടതിയുടെ പദവിയുണ്ട് ആര്‍ബിട്രേഷന്‍ കോടതിക്ക്. സര്‍ക്കാരിന്‍റെയും നഗരസഭയുടെയും സ്വകാര്യ വ്യക്തികളുടെയുമെല്ലാം ഭൂമിക്കേസുകളില്‍ മോറിസ് തീര്‍പ്പുകല്‍പ്പിച്ചിരുന്നു. ഈ കേസുകളില്‍ തോറ്റ കക്ഷികള്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് നടുങ്ങിപ്പോയത്. ഇങ്ങനെയൊരു ആര്‍ബിട്രേഷന്‍ കോടതി ഇല്ലത്രെ!അഹമ്മാദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ഭൂമി എതിര്‍കക്ഷിക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെ കോര്‍പറേഷന്‍ സിവില്‍ കോടതിയില്‍ നല്‍കിയ അപ്പീലാണ് കള്ളി പൊളിച്ചത്. 100 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാനാണ് മോറിസ് വ്യാജ ഉത്തരവിറക്കിയതെന്ന് സിവില്‍ കോടതി കണ്ടെത്തി. മോറിസിന്‍റെ ഉത്തരവുകള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും ആര്‍ബിട്രേഷന്‍ കോടതി വ്യാജമെന്നും സിവില്‍ കോടതി വിധിച്ചു. മോറിസിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസിനോട് ഉത്തരവിടുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോറിസ് ക്രിസ്റ്റ്യന് നിയമബിരുദം പോലുമില്ലെന്ന് കണ്ടെത്തിയത്. ‘ഇന്‍റര്‍നാഷണല്‍ ലോ സ്കൂളി’ല്‍ നിന്ന് ബിരുദമെടുത്തെന്നും ‘ഇന്‍റര്‍നാഷണല്‍ ബാര്‍ കൗണ്‍സില്‍’ അംഗമാണെന്നുമാണ് മോറിസ് അവകാശപ്പെട്ടിരുന്നത്. ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഇയാള്‍ 25 കൊല്ലത്തിലേറെ പല കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഇന്‍റര്‍നാഷണല്‍ ബാര്‍ കൗണ്‍സില്‍ എന്നൊന്നില്ലെന്ന് ഗുജറാത്ത് ബാര്‍ കൗണ്‍സിലിന്‍റെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കെല്ല പറഞ്ഞു.കഴിഞ്ഞ അ‍ഞ്ചുവര്‍ഷത്തിനിടെ പലതവണ മോറിസിന്‍റെ ചെയ്തികള്‍ മേല്‍ക്കോടതികളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. 2007ല്‍ ഇയാള്‍ മൂന്നുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. എഎംസി ഭൂമിക്കേസിന് സമാനമായ ഒട്ടേറെ കേസുകളില്‍ ഇയാള്‍ വ്യാജ ഉത്തരവുകള്‍ വഴി കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്നാണ് നിഗമനം.

കാര്യങ്ങള്‍ ഇതുവരെയെത്തിയിട്ടും മോറിസിന് ഒരു കുലുക്കവുമില്ല. താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ബിട്രേഷനില്‍ അംഗമാണെന്നും ഉത്തരവുകളിടാന്‍ അര്‍ഹതയുണ്ടെന്നും അയാള്‍ സിവില്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജഡ്ജ് സി.എല്‍.ചൊവാട്ടിയ ഈ വാദം മുഖവിലയ്ക്കെടുത്തില്ല. കോടതിയലക്ഷ്യനടപടികള്‍ നേരിട്ടശേഷവും മോറിസ് നിയമവിരുദ്ധപ്രവൃത്തി തുടരുകയായിരുന്നുവെന്നും വഞ്ചനയും ക്രിമിനല്‍ ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും സിവില്‍ ജഡ്ജ് ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments