തിരുവനന്തപുരം : എഡിഎം കെ.നവീൻ ബാബുവിനെ യാത്രയയപ്പു ചടങ്ങിൽ ആക്ഷേപിക്കുന്ന വിഡിയോ പല മാധ്യമങ്ങൾക്കും കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തി. പെട്രോൾ പമ്പിന്റെ ഫയൽ എഡിഎം വച്ചു താമസിപ്പിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്നും കണ്ടെത്തിയിട്ടുണ്ട്.
വിഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽ നിന്നു ജോയിന്റ് കമ്മിഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ ഇനി അവരുടെ മൊഴി രേഖപ്പെടുത്തില്ല. യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടർ അരുൺ കെ.വിജയൻ നിഷേധിച്ചു. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷൻ കലക്ടറും ആയിരുന്നു. അവിടെവച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നു. നവീൻ ബാബുവിനെ വിടുതൽ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് എന്നീ വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തിൽ ഉള്ളതായി അറിയുന്നത്.
പമ്പ് ആരംഭിക്കാൻ തീരുമാനിച്ച കാര്യം ദിവ്യയോടു മുൻകൂറായി പറഞ്ഞിട്ടില്ലെന്നാണ് ടി.വി.പ്രശാന്ത് മൊഴി നൽകിയത്. ലൈസൻസ് കിട്ടുന്നതു നീണ്ടുപോയപ്പോൾ ദിവ്യയെ കണ്ടു വിവരം അറിയിച്ചു. റിപ്പോർട്ട് ഇന്നോ നാളെയോ നൽകുമെന്നാണു സൂചന.