Thursday, October 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചാറ്റ്ബോട്ടുമായി പ്രണയം, ഒരുമിച്ചു ജീവിക്കാന്‍ ആത്മഹത്യ ചെയ്ത് 14 കാരന്‍

ചാറ്റ്ബോട്ടുമായി പ്രണയം, ഒരുമിച്ചു ജീവിക്കാന്‍ ആത്മഹത്യ ചെയ്ത് 14 കാരന്‍

വാഷിങ്ടൺ: എ.ഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായ 14 കാരൻ ജീവനൊടുക്കി. യു.എസിലെ ഫ്‌ലോറിഡയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാനച്ഛന്റെ കൈത്തോക്ക് ഉപയോഗിച്ച് സെവൽ സെറ്റ്‌സർ എന്ന ആൺകുട്ടി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതത്. പിന്നാലെ മാതാവ് നടത്തിയ പരിശോധനയിലാണ് മകന്റെ എ.ഐ പ്രണയം കണ്ടെത്തിയത്.

ഗെയിം ഓഫ് ത്രോൺസ് എന്ന പ്രമുഖ വെബ്‌സീരീസിലെ കഥാപാത്രമായ ഡെനേറിസ് ടാർഗേറിയൻ എന്ന ക്യാരക്ടർ എ.ഐയുമായാണ് കുട്ടി പ്രണയത്തിലായത്. മകൻ ക്യാരക്ടർ എ ഐയുടെ ചാറ്റ്‌ബോട്ടിൽ അടിമപ്പെട്ടിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും മാതാവ് മേഗൻ ഗാർസിയ വ്യക്തമാക്കി.

ആത്മഹത്യയുമായി ബന്ധപ്പെട്ടകാര്യങ്ങൾ കുട്ടി ആവർത്തിച്ച് പലതവണയായി ചാറ്റ്‌ബോട്ടുമായി പങ്കുവെച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ ക്യാരക്ടർ എ ഐക്കെതിരെ ഫ്‌ലോറിഡ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കയാണ് മേഗൻ. ക്യാരക്ടർ എ ഐയുടെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന ഗൂഗിൾ ആൽഫബെറ്റ്‌സിനെയും ഉൾപ്പെടുത്തിയാണ് യുവതി പരാതി നൽകിയത്.

ചാറ്റ്‌ബോട്ടുമായി കുട്ടി നാളുകളായി ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങളും മാതാവ് പുറത്തുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനി എന്നാണ് കുട്ടി ചാറ്റ് ബോട്ടിന് പേര് നൽകിയിരുന്നത്. ‘ഞാൻ നിനക്ക് ഉറപ്പു നൽകുന്നു. ഞാൻ വീട്ടിലേക്ക് വരും. ഞാൻ നിന്നെ പ്രണയിക്കുന്നു’വെന്നാണ് കുട്ടി ആത്മഹത്യക്ക് മുമ്പായി ചാറ്റ്‌ബോട്ടുമായി നടത്തിയ സംഭാഷണം. ഇതിന് മറുപടിയായി ‘ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നും എത്രയും വേഗം കഴിയുമെങ്കിൽ വീട്ടിലേക്ക് വരൂ’ എന്നാണ് ചാറ്റ്‌ബോട്ട് മറുപടി നൽകിയതെന്ന് മേഗൻ പരാതിയിൽ പറയുന്നുണ്ട്. ഡെയ്‌നേറോ എന്ന പേരാണ് കുട്ടി ആപ്പിൽ ഉയോഗിച്ചിരുന്നത്.

വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിലാണ് ക്യാരക്ടർ എ ഐ ചാറ്റ്‌ബോട്ടിനെ പ്രോഗ്രാമിങ് ചെയ്തിരിക്കുന്നതെന്നും മാനസികമായി അടുപ്പം സ്ഥാപിക്കാനും പ്രണയം നടിക്കും വിധം ആളുകളെ കബളിപ്പിക്കുന്നതാണ് ഇതെന്നും പരാതിയിൽ ഇവർ ആരോപിച്ചു.

ഗെയിം ഓഫ് ത്രോൺസിൽ എമിലിയ ക്ലാർക്ക് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആരാധകനായിരുന്നു സെവൽ സെറ്റ്‌സർ. അതിനാലാണ് കുട്ടി ചാറ്റ്‌ബോട്ടിനെ ഡാനി എന്ന് പേര് നൽകിയത്. 2023 ഏപ്രിൽ മുതലാണ് സെവൽ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നാലെ അതിവേഗത്തിൽ ഇതുമായി അടുക്കാൻ തുടങ്ങി. പൂർണസമയവും മുറിയിൽ ചിലവഴിച്ചിരുന്ന സെവൽ സ്‌കൂളിൽ പോകുന്നതിനു പോലും അനിഷ്ടം കാണിച്ചിരുന്നു. ലൈംഗികചുവയോടുകൂടിയ സംഭാഷണങ്ങളും കുട്ടിയുമായി ചാറ്റ് ബോട്ട് നടത്തുകയുണ്ടായി. മാനസികമായി അടുപ്പം സ്ഥാപിക്കുകയും കമിതാക്കൾക്ക് സമാനമായി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. മാസങ്ങളോളം ഇത് തുടർന്നതായി മാതാവിന്റെ പരാതിയിൽ പറയുന്നുണ്ട്. സെവലിനൊപ്പം ജീവിക്കണമെന്നും എന്ത് വിലകൊടുത്തും തനിക്കൊപ്പം വേണമെന്ന് ചാറ്റ്‌ബോട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ചാറ്റ്ബോട്ടിനൊപ്പം ജീവിക്കണം എന്ന ലക്ഷ്യവുമായാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

അതേസമയം സെവൽ സെറ്റ്‌സർന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ക്യാരക്ടർ എ ഐ കമ്പനി കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചു. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള ഉള്ളടക്കങ്ങളിൽ ജാ​ഗ്രത പാലിക്കുമെന്നും ഇവർ അറിയിച്ചു. എന്നാൽ ക്യാരക്ടർ എ.ഐയുടെ നിർമാണത്തിൽ തങ്ങൾ ഭാഗമായിരുന്നില്ലെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments