Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎഡിഎമ്മിൻ്റെ മരണം; പിപി ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്

എഡിഎമ്മിൻ്റെ മരണം; പിപി ദിവ്യയ്ക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദിവ്യയെ ക്ഷണിച്ചില്ലെന്ന കലക്ടറുടെ മൊഴിയും റിപ്പോർട്ടിലുള്ളതായാണ് വിവരം. 

ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടർ മൊഴി നൽകി. കണ്ണൂർ കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. കൈക്കൂലി വാങ്ങി എന്നതിനു ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിനു മൊഴിയും ഇല്ല. പമ്പിനു എൻഒസി നൽകിയതിൽ എഡിഎം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ 

ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കി. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.

എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ വാദം

എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് സാധിക്കില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല. ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

എഡിഎം വിശുദ്ധനെങ്കിൽ എതിർക്കാതിരുന്നത് എന്തുകൊണ്ടെന്ന് ദിവ്യയുടെ വാദം

കുറേ ഉത്തരവാദിത്വങ്ങളുള്ള പൊതു പ്രവർത്തകയാണ് ദിവ്യയെന്ന് പ്രതിഭാ​ഗത്തിന്റെ വാദം. ആരോപണം ഉയർന്നപ്പോൾ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. നവീൻ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. എഡിഎം പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസം​ഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ? 

വിജിലൻസ് ഓഫീസർ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്.  നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാർ​ഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കിൽ അവിടെ വെച്ച് എതിർക്കാതെ നവീൻ ബാബുവിന് എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. മുൻ‌കൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരി​ഗണിക്കണം. മുൻ‌കൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments