തൃശൂർ: മലയാള സിനിമയിൽ പുതിയ കാൽവെപ്പിനൊരുങ്ങി ബോബി ചെമ്മണൂർ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ഇദ്ദേഹം സിനിമാനിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ളതായിരിക്കും ആദ്യ സിനിമ.
ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമയുടെ പ്രമേയമായി തെരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 100 കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമയിൽനിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരൽമല നിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. മറ്റു നിരവധി തിരക്കഥകളും സിനിമക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
സിനിമാ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന സിനിമകൾ പ്രതീക്ഷിക്കാമെന്ന് ബോചെ പറഞ്ഞു. ഇതോടൊപ്പം സിനിമാനിർമാണത്തിന് പണമിറക്കാനും പദ്ധതിയുണ്ട്. ബോബി ചെമ്മണൂരിന്റെ മകൾ അന്ന ബോബി, എം.എസ്. ശബരീഷ്, സാം സിബിൻ, അൻഷാദ് അലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.