കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ഒളിവിൽ കഴിയുന്ന പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്ന് യുഡിഎഫ് പ്രമേയം. ദിവ്യയുടെ രാജിക്ക് ശേഷമുള്ള ആദ്യ ഭരണസമിതി യോഗമാണ് ഇന്ന് ചേരുക. വൈസ് പ്രസിഡന്‍റ് ബിനോയി കുര്യനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല . യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കും.
അതേസമയം ദിവ്യക്കെതിരായ സിപിഎമ്മിന്‍റെ തുടർ നടപടി മുൻകൂർ ജാമ്യേപേക്ഷയിൽ തീരുമാനം വന്നശേഷം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചനയുണ്ട്. ഇരിണാവിലെ വീട്ടിൽനിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.