പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ സുരേഷ് , രണ്ടാം പ്രതി അച്ഛൻ പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അച്ഛനും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. 3 വർഷം അധിക തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക ഹരിതക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ പോകുമെന്നും അനീഷിന്‍റെ കുടുംബം പറഞ്ഞു. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവമാണ് കേസിനാധാരം.
2020 ഡിസംബര്‍ 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ഇതര ജാതിയില്‍ പെട്ട അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്‍റെ 88-ാം ദിവസം സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഇരുവരും സ്‌കൂള്‍ കാലംമുതല്‍ പ്രണയത്തിലായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.