ബെയ്‌റൂട്ട്: ഹിസ്ബുള്ള തലവനായി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്നിരുന്ന സ്ഥാനത്തേക്കാണ് നയിം ഖാസിമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഖാസിം പ്രവര്‍ത്തിച്ചിരുന്നു. നസ്‌റല്ലയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാള്‍ കൂടിയാണ് നയിം ഖാസിം.
ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷം ഹിസ്ബുള്ള മേധാവിയെ തീരുമാനിച്ചിരുന്നില്ല. നസ്‌റല്ലയുടെ ബന്ധു ഹഷീം സഫിദ്ദീനെ ഈ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും നസ്‌റല്ലയ്ക്ക് പിന്നാലെ ഇദ്ദേഹവും കൊല്ലപ്പെടുകയായിരുന്നു.
പിന്നാലെയാണ് ഹിസ്ബുള്ളയുടെ രണ്ടാമനായി കണക്കാക്കുന്ന ഖാസിമിനെ മേധാവിയായി ചുമതലപ്പെടുത്തിയത്. 1980ല്‍ ഹിസ്ബുള്ള രൂപീകരിക്കുന്ന വേളയില്‍ ഉണ്ടായിരുന്ന നേതാക്കളിലൊരാളാണ് ഖാസിം.