Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു

ബെം​ഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.

ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യൻ പ്രതിരോധസേനകൾക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചായിരുന്നു തുടക്കം.1982-ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്കും വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിർമാണമേഖലയിലേക്ക് കടന്നു ബിപിഎൽ. പിന്നീട് 1990-കൾ വരെ ഇന്ത്യൻ ഇലക്ട്രോണിക്സ് ഉപകരണനിർമാണരംഗത്തെ അതികായരായി ബിപിഎൽ മാറി. 1990-കളിൽ ഉദാരവൽക്കരണകാലം മുതൽ വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎൽ പിന്നീട് ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോൾ മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്താണ് ബിപിഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടിപിജി നമ്പ്യാർക്ക് വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ ഐആദരാഞ്ജലികൾ അർപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയിൽ ബെംഗളുരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബിപിഎല്ലിൻ്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments