വര്‍ഷങ്ങള്‍ക്ക് ശേഷം ലഡാക്കില്‍ നിന്ന് ചൈനയുടെയും ഇന്ത്യയുടെയും സൈനിക പിന്മാറ്റം പൂര്‍ണ്ണമായത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ദീപാവലിയും വന്നെത്തിയപ്പോള്‍ യഥാർത്ഥ നിയന്ത്രണ രേഖയിലെ വിവിധ പോയന്‍റുകളില്‍ ഇന്ത്യന്‍ – ചൈനീസ് സൈനികര്‍ മധുരവിതരണം നടത്തി. ഹോട്ട് സ്പ്രിംഗ്സ്, കെകെ പാസ്, ദൗലത് ബേഗ് ഓൾഡി, കോങ്ക്ല, ചുഷുൽ മോൾഡോ തുടങ്ങിയ വിവിധ നിയന്ത്രണ രേഖകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
ദീപാവലിയോട് അനുബന്ധിച്ച് ഇന്ന് (31.10.’24) യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) ഒന്നിലധികം അതിർത്തി പോയിന്‍റുകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറി.
അഞ്ച് ബോർഡർ പേഴ്സണൽ മീറ്റിംഗ് (ബിപിഎം) പോയിന്‍റുകളില്‍ വച്ചാണ് പരമ്പരാഗതമായ രീതിയിലുള്ള മധുരവിതരണം നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സമീപകാലത്ത് ഇന്ത്യാ – ചൈന ബന്ധത്തിലുണ്ടായ സംഭവ വികാസങ്ങള്‍ പുതിയ നീക്കത്തോടെ പുത്തന്‍ ഉണര്‍വ് കൈവരിച്ചെന്നും സൈന്യം അവകാശപ്പെട്ടു.
കിഴക്കൻ ലഡാക്കിലെ ഡെംചോക്ക്, ഡെപ്സാംഗ് സമതലങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികരുടെ പിൻമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയതിന് തൊട്ട് പിന്നാലെയാണ് മധുരവിതരണം നടന്നത്. 2020 -ൽ ഇന്ത്യാ -ചൈന സംഘർഷം ആരംഭിച്ചത് മുതൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് സുപ്രധാനമായ ഈ സേനാ പിന്മാറ്റം.
ഹോട്ട് സ്പ്രിംഗ്സ്, കെകെ പാസ്, ദൗലത് ബേഗ് ഓൾഡി, കോങ്ക്ല, ചുഷുൽ മോൾഡോ എന്നീ യഥാർത്ഥ നിയന്ത്രണ രേഖകളില്‍ ഇന്ന് രാവിലെ തന്നെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള മധുര വിതരണം നടന്നു. സൈന്യം അതിര്‍ത്തികളില്‍ നിന്ന് പിന്മാറിയെങ്കിലും പരിശോധനകള്‍ കര്‍ശനമായി നടക്കുന്നു. അതേസമയം പട്രോളിംഗ് രീതികള്‍ എങ്ങനെ വേണമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിൽ ഒരു പ്രധാന കരാറിന് അന്തിമരൂപം നൽകിയ. ഇതിന് പിന്നാലെ ഒക്ടോബർ 2 ന് കിഴക്കൻ ലഡാക്കിലെ ഡെംചോക്ക്, ഡെപ്സാങ് എന്നീ രണ്ട് സംഘർഷ സമതലങ്ങളില്‍ നിന്നും ഇരു രാജ്യങ്ങളുടെയും സൈനികര്‍ പിന്മാറ്റം ആരംഭിച്ചു.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഗണ്യമായി വഷളായിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും സൈനിക വിന്യാസം ശക്തമാക്കിയത്. ഒക്ടോബർ 23 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുള്ള പിൻമാറ്റ, പട്രോളിംഗ് കരാർ അംഗീകരിക്കുകയായിരുന്നു.