ഒട്ടാവ: ഖലിസ്താൻ വിഘടനവാദികളെ കാനഡയുടെ മണ്ണിൽ വധിക്കാനുള്ള ഗൂഢാലോചനയ്ക്കുപിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കനേഡിയൻ സർക്കാർ.
യു.എസ്. ദിനപത്രമായ ‘വാഷിങ്ടൺ പോസ്റ്റി’ലാണ് ഈ വിവരം ആദ്യം വന്നത്. പത്രത്തിനു വിവരം നൽകിയത് താനാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ പാർലമെന്റിന്റെ ദേശീയസുരക്ഷാസമിതിയെ ചൊവ്വാഴ്ച അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചു.
‘പോസ്റ്റി’ലെ ജേണലിസ്റ്റ് വിളിച്ച് ഷായാണോ ഗൂഢാലോചനയുടെ സൂത്രധാരൻ എന്നുചോദിച്ചപ്പോൾ താൻ സ്ഥിരീകരിച്ചുവെന്നാണ് മോറിസൺ ദേശീയസുരക്ഷാസമിതിയോടു പറഞ്ഞത്. എന്നാൽ, ഷായുടെ പങ്കിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം പത്രത്തോട് വിശദമാക്കിയില്ല. തെളിവും നൽകിയില്ല. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമോ കാനഡയിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയമോ ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ, കനേഡിയൻ പൗരരുടെയും കാനഡയിലെ ഇന്ത്യൻ പൗരരുടെയും വിവരം നയതന്ത്രമാർഗങ്ങളിലൂടെയും അല്ലാതെയും ഇന്ത്യാസർക്കാർ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിൻ പറഞ്ഞു. ഈ വിവരം ഡൽഹിക്കു കൈമാറി. ഡൽഹിയിലുള്ളവർ അധോലോകത്തലവൻ ലോറൻസ് ബിഷ്ണോയിയുമായിബന്ധപ്പെട്ട ക്രിമിനൽശൃംഖലയുടെ സഹായത്തോടെ പ്രവർത്തിച്ചു. ബിഷ്ണോയി ഇന്ത്യയിലെ ജയിലിലാണെങ്കിലും കാനഡയിൽ അയാൾക്ക് വലിയ ക്രിമിനൽ ശൃംഖലയുണ്ടെന്ന് ഡ്രൂയിൻ ചൊവ്വാഴ്ച പാർലമെന്റിന്റെ ദേശീയസുരക്ഷാ സമിതിക്ക് മൊഴിനൽകി.
കനേഡിയൻ പൗരനായ ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജർ 2023 ജൂണിൽ സറേയിൽ കൊല്ലപ്പെട്ടതിനുപിന്നിൽ ഇന്ത്യയാണെന്ന് ആ വർഷം സെപ്റ്റംബറിൽ ട്രൂഡോ ആരോപിച്ചതോടെയാണ് ഈ വിഷയം നയതന്ത്രപ്രശ്നമായത്. നിജ്ജറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു. സംഭവത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന് ഈ മാസം റോയൽ കനേഡിയൻ മൗണ്ട് പോലീസ് (ആർ.സി.എം.പി.) ആരോപിച്ചു. ഇതോടെ സ്ഥാനപതിയുൾപ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡയുടെ ആക്ടിങ് സ്ഥാനപതിയുൾപ്പെടെയുള്ളവരെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കുകയും ചെയ്തു.