തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ ആരോപണത്തിന് പിന്നാലെ കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിർദ്ദേശം. ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണങ്ങൾ ഗൗരവതരമാണ്. കേസിൽ നിയമപരമായ സാദ്ധ്യതകൾ തേടണമെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിൽ ഉയർന്നുവന്ന അഭിപ്രായം.
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരളാ പൊലീസും തമ്മിൽ മത്സരമാണെന്ന് നേരത്തെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഇതിനെതിരെ തെളിവില്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പ്രതികരിക്കാൻ സമയമില്ല എന്നാണ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. 346 കേസുകളിൽ താൻ പ്രതിയാണെന്നും ഒരു കേസിൽ പോലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണം. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല. ഇതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു